സഹവര്‍തിത്വത്തിന്‍റെ ധീര ഗാഥ
വിദ്വേഷത്തിന്‍റെ തീക്കനലുകളേന്തി ജീവിച്ചവരായിരുന്നു മദീനയിലെ ഔസ് ഖസ്റജ് ഗോത്രങ്ങള്‍. അവരെ സ്നേഹത്തിന്‍റെ മാലയില്‍ കോര്‍ക്കുകയായിരുന്നു മുത്ത് നബി. നിങ്ങള്‍ അന്യോനം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുക, അവന്‍ നിങ്ങളുടെ മനസ്സുകളെ കൂട്ടിയിണക്കി(സൂറത്തു ആലു ഇംറാന്‍/103) ഇവരാണ് അന്‍സ്വാറുകള്‍. മക്കയില്‍ നിന്ന് സര്‍വ്വവും ഉപേക്ഷിച്ച് നബി തങ്ങളോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടവരാണ് മുഹാജിറുകള്‍. മസ്ജിദുന്നബവിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മുഹാജിറുകളേയും അന്‍സാറുകളേയും അത്ഭുകരമാം വിധം സാഹോദര്യ ബന്ധത്തില്‍ ഇണക്കിച്ചേര്‍ത്തു. മുഹാജിറുകളേയും അന്‍സാറുകളേയും വിളിച്ചു വരുത്തി നിങ്ങള്‍ പരസ്പരം സഹോദരന്മാരാണ് എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തി. ദാരിദ്രത്തില്‍ നിന്ന് മുഹാജിറുകളെ സംരക്ഷിക്കാനും കലാപങ്ങളില്ലാത്ത മദീന സാധ്യമാക്കുന്നതിനും ഈ സഹോദര്യ വിളമ്പരങ്ങള്‍ കാരണമായി. അനസ്(റ)വില്‍ നിന്ന് നിവേദനം. അബ്ദുറഹ്മാനുബ്നു ഔഫ്(റ) മദീനയില്‍ വന്നപ്പോള്‍ സഹദുബ്നു റബീഹ(റ)നേയും അബ്ദുറഹ്മാനുബ്നു ഔഫ് (റ) നോയും വിളിപ്പിച്ച് സഹോദരന്മാരായി പ്രഖ്യാപിച്ചു. ഉടനെ സഅദ്(റ)പറഞ്ഞു. അന്‍സാറുകളില്‍ ഞാനാണ് വലിയ പണക്കാരന്‍. എന്‍റെ സ്വത്തിന്‍റെ പകുതി നിങ്ങള്‍ക്ക് നല്‍കുന്നു. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരില്‍ നീ ഇഷ്ടപ്പെട്ടവരെ എടുത്ത് കൊള്ളുക. ഞാന്‍ അവളെ ത്വലാഖ് ചൊല്ലി, ഇദ്ദ കഴിഞ്ഞ് അവളെ നീ വിവാഹം കഴിക്കുക(ബിദായത്തു വന്നിഹായ/260)
സാഹോദര്യ പ്രഖ്യാപനത്തിനു ശേഷം അന്‍സ്വാരികള്‍ നബി തിരുമേനിയുടെ അടുത്ത് വന്നു. ഞങ്ങളുടെ തോട്ടങ്ങള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ മുഹാജിര്‍ സുഹൃത്തുക്കള്‍ക്കുമിടയില്‍ പങ്കിട്ട് തരൂ എന്നപേക്ഷിച്ചു. പക്ഷേ, മുത്ത് നബി വിസമ്മതമറിയിച്ചു. അഭിപ്രായം കേട്ട് അന്‍സാരികള്‍ തങ്ങളുടെ മുഹാജിര്‍ സഹോദരങ്ങളെ നോക്കി. വൃക്ഷങ്ങള്‍ക്ക് വെള്ളമൊഴിക്കുന്ന ജോലി നിങ്ങള്‍ ചെയ്യുക ഈത്തപ്പഴത്തില്‍ നിങ്ങള്‍ക്കും പങ്ക് തരാം എന്ന് പറഞ്ഞ് സസന്തോഷം പിരിഞ്ഞു. ഹിജ്റ 7ാം വര്‍ഷം ഖൈബര്‍ യുദ്ധത്തില്‍ മുസ്ലിംകള്‍ ജയിച്ചപ്പോള്‍ മുഹാജിറുകള്‍ക്ക് ധാരാളം സമ്പത്ത് ലഭിച്ചു. തന്മൂലം അവര്‍ക്ക് അന്‍സാരികളുടെ തോട്ടം ആവശ്യമായി വന്നില്ല. അതിനാല്‍ തോട്ടങ്ങള്‍ അന്‍സാരികള്‍ക്ക് തന്നെ തിരിച്ച് നല്‍കി. അന്‍സാരികളുടെ ത്യാഗവും നിസ്വാര്‍ത്ഥതയും സേവന സന്നദ്ധതയും മാതൃകാ പെരുമാറ്റവും മുസ്ലിം ലോകത്തിന്‍റെ അടയാളങ്ങളായി വിലയിരുത്തപ്പെടുന്നു.
ദ്രുതഗതിയിലായിരുന്നു മദീനയിലെ ഇസ്ലാമിന്‍റെ വളര്‍ച്ച. മസ്ജിദുന്നബവിയുടെ നിര്‍മാണം ശേഷം വിശ്വാസികളെ നിസ്കാരിത്തിന് ഒരുമിച്ചുകുട്ടേണ്ടിതിന്‍റെ മാര്‍ഗ്ഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആ ദിവസം അബ്ദുല്ലാഹിബ്നു സൈദ്(റ) വിന് വിളിച്ചറിയിക്കേണ്ട വാചകങ്ങള്‍ സ്വപ്ന ദര്‍ശനമുണ്ടായി. നബി തങ്ങള്‍ക്ക് സന്ദേശമായി ലഭിച്ച ഇതേ വാചകങ്ങളില്‍ ബാങ്ക് വിളിക്കപ്പെട്ടു. മദീനയിലെ ജൂത ബനൂഖുറൈള, ബനൂ ഖൈനുഖാഅ് എന്നീ ജൂത ഗോത്രങ്ങളുമായി അനുരജ്ഞന ശ്രമങ്ങള്‍ നടത്തി. ഉടമ്പടികള്‍ രൂപപ്പെടുത്തി സൗഹൃദങ്ങള്‍ സ്ഥാപിച്ചു. ബഹുസ്വര നിലപാടുകള്‍ക്കും സാമുഹ്യ കരാറുകള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കിയ മദീനാ ചാര്‍ട്ടര്‍ 16-17 നൂറ്റാണ്ടിലെ സാമുഹ്യകരാര്‍ ഉപജ്ഞാതാക്കള്‍ ഗവേഷണ വിധേയമാക്കിയിട്ടുണ്ട്. ജൂതന്മാര്‍ ഉടമ്പടികള്‍ ലംഘിക്കുകയും നീതി ന്യായത്തില്‍ ഇടപെടുകയും ചെയ്തതു മൂലം ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങി. മദീനയിലെ ഇസ്ലാമിക വളര്‍ച്ചയില്‍ അസൂയപ്പെട്ട മക്കയിലെ അവശ്വാസികള്‍ മദീനയിലേക്കും വന്നു തുടങ്ങി. നബി തങ്ങളുടെയും അനുയായികളുടെയും സമ്പത്തും ഒട്ടകങ്ങളും മോഷ്ടിച്ചു. ചതിപ്രയോഗങ്ങള്‍ ആരംഭിച്ചു. മക്കിയിലുപേക്ഷിച്ച വിശ്വാസികളുടെ സ്വത്തുകള്‍ കെള്ളയിടിച്ച് കച്ചവടാവശ്യാര്‍ത്ഥം പുറപ്പെട്ട അബൂ സുഫിയാനില്‍ നിന്നും സംഘത്തില്‍ നിന്നും സമ്പത്ത് പിടിച്ചടക്കുന്നതിന് വേണ്ടി നബിയും സ്വഹാബികളും പുറപ്പെട്ടു. വിവരം അറിഞ്ഞ അബൂസുഫ്യാന്‍ ഖുറൈശികളെ സംഘടിപ്പിച്ചു. കച്ചവട സംഘം മദീന വിട്ടതറിഞ്ഞ് നബിയും അനുചരന്മാരും മറ്റു വഴികള്‍ അന്വേഷിക്കും മുന്നേ അബൂജഹ്ലും സംഘവും യൂദ്ധത്തിന് ഒരുങ്ങിയിരുന്നു. ഹിജ്റ രണ്ടാം വര്‍ഷം റമളാന്‍ 17ന് ഇരുവിഭാഗവും നേര്‍ക്കുനേര്‍ അണി നിരന്നു. സര്‍വ്വ സന്നാഹങ്ങളുമായി വന്ന ആയിരത്തിലധികം വരുന്ന മക്കയിലെ അവിശ്വാസികള്‍ 313 പേരടങ്ങുന്ന വിശ്വാസത്തിന്‍റെ ഉരുക്കു കോട്ടകള്‍ക്ക് മുന്നുല്‍ അടിയറവ് പറഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഏറ്റുമുട്ടലായിരുന്നു ബദ്ര്‍. ഹിജ്റ മൂന്നില്‍ ഉഹ്ദും അഞ്ചില്‍ ഖന്തഖും നടന്നു. മദീനാ രാഷ്ട്രത്തിന്‍റെ സുരക്ഷക്ക് വിഘാതം നിന്നവരെ മാത്രമേ അടിയന്തിര ഘട്ടത്തില്‍ നബി തങ്ങള്‍ നേരിട്ടിട്ടുള്ളു. അക്രമ രൂപം കാട്ടി, ഭീഷണിപ്പെടുത്തി സ്വരൂപിച്ചെടുത്ത വിശ്വാസികളായിരുന്നെങ്കില്‍ ചരിത്രത്തില്‍ ഇസ്ലാമിന് ഇടമുണ്ടാവുമായിരുന്നില്ല. വിജയഭേരി മുഴക്കി ഭൂഖണ്ഡങ്ങള്‍ താണ്ടി ഇസ്ലാം വ്യാപിച്ചതിന് പിന്നില്‍ സ്നേഹത്തിന്‍റെ മനസ്സും സൗഹാര്‍ദ്ദത്തിന്‍റെ വലയങ്ങളുമുണ്ടായിരുന്നു.