എറിഞ്ഞാടിച്ച ത്വാഇഫ്
പ്രവാചകത്വത്തിന്‍റെ പത്താം വര്‍ഷം നബിജീവിതത്തിലെ ദുഃഖ വര്‍ഷമായിരുന്നു. തന്‍റെ ജീവിത വഴിയില്‍ താങ്ങും തണലുമായിരുന്ന പ്രയ പത്നിയുടെയും ഖദീജ ബീവിയുടെയും പിതൃവ്യന്‍ അബൂ ത്വാലിബിന്‍റെയും വിയോഗം പ്രവാചകരെ പ്രയാസത്തിലാക്കി. പിതൃവ്യന്‍റെ മരണത്തോടെ തന്‍റെ പിതാവിന്‍റെ കുടുംബവും പ്രവാചകനെ കൈവെടിഞ്ഞ് തുടങ്ങിയതോടെ ഉമ്മയുടെ കുടുംബം താമസിക്കുന്ന ത്വാഇഫിലേക്ക് സഹായാഭ്യാര്‍ത്ഥനയുമായി ചെന്നു. പക്ഷെ അവിടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. പ്രവാചകനെ പരിഹസിക്കുകയും അക്രമികളായ ഭ്രാന്തന്‍മാരെയും കുട്ടികളെയും നബിക്കു നേരെ തിരിച്ചു വിടുകയും ചെയ്തു. തല്ലിയും കല്ലെറിഞ്ഞും മുത്ത് നബിയെ ത്വഇഫുകാര്‍ ആട്ടിയോടിച്ചു. എങ്ങും പീഡനങ്ങള്‍ മാത്രം. നബി തങ്ങള്‍ നിസ്കരിക്കുന്ന സമയത്ത് ചീഞ്ഞളിഞ്ഞ ഒട്ടകക്കുടല്‍മാലകള്‍ ലണിയിച്ചും, നബിയുടെ തോളിലിരുന്ന ഷാള്‍ കഴുത്തില്‍ വരിഞ്ഞ് മുറുക്കിയും ശത്രുക്കള്‍ അരിശം തീര്‍ത്തു. ഈ പീഡനങ്ങളെയെല്ലാം ക്ഷമാ പൂര്‍വ്വം ഏറ്റെടുത്ത പ്രവാചകര്‍ ഇസ്ലാമിന്‍റെ നല്ല നാളേക്കായി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.