പീഡനങ്ങള്‍! പ്രലോഭനങ്ങള്‍! المحاربة على الدعوة
അന്തിമ പ്രവാചകനോടുള്ള സമൂഹത്തിന്റെ എതിര്‍പ്പിന്റെ ഉദ്ഘാടനമായിരുന്നു അബൂലഹബ് നിര്‍വഹിച്ചത്. മുഹമ്മദി(സ)ന്റെ റുഖിയ്യ, ഉമ്മുകുല്‍സും എന്നീ പുത്രിമാരെ വിവാഹം ചെയ്തിരുന്ന അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയും തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്ത് തങ്ങളുടെ പിതാവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇന്നലെവരെ സമൂഹത്തിന്റെ സ്നേഹാദരവുകള്‍ക്ക് പാത്രമായിരുന്ന മുഹമ്മദി(സ)നെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം പറഞ്ഞുവെന്നതിന്റെ പേരില്‍ നാട്ടുകാര്‍ വെറുത്തു. സത്യസന്ധനായിരുന്ന മുഹമ്മദ്, സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടുവെന്ന ഏക കാരണത്താല്‍ ഭ്രാന്തനെന്നും മാരണക്കാരനെന്നും വിളിക്കപ്പെട്ടു. അദ്ദേഹം കല്ലെടുത്തെറിയപ്പെട്ടു. മര്‍ദ്ദിക്കപ്പെട്ടു. മൃഗീയമായ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. അദ്ദേഹത്തെ വധിക്കാനായി ഗൂഢാലോചന നടത്തപ്പെട്ടു. അദ്ദേഹം പ്രബോധനം ചെയ്ത തത്വങ്ങള്‍ സ്വീകരിച്ചവരില്‍ പലരും മൃഗീയമായി വധിക്കപ്പെട്ടു. സ്വവസതികളില്‍നിന്നും പുറത്താക്കപ്പെട്ടു. മറ്റുചിലര്‍ക്ക് ഇണകളെ നഷ്ടപ്പെട്ടു. വിശ്വാസികളുടെ സമൂഹം ബഹിഷ്ക്കരിക്കപ്പെട്ടു. വെറും പച്ചിലകള്‍ മാത്രം തിന്ന് ജീവന്‍ നിലനിര്‍ത്തിയ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയി. എന്നിട്ടും സത്യമതത്തിന്റെ
സന്ദേശപ്രചാരണത്തില്‍നിന്ന് അദ്ദേഹം പിന്നോട്ട് പോയില്ല. അവസാനം സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി, അതനുസരിച്ച് ജീവിക്കുവാന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി, പെറ്റുവളര്‍ന്ന നാടും വീടും വിട്ട് ദൂരദേശത്തേക്ക് പലായനം ചെയ്യേണ്ടിവന്നു, അദ്ദേഹത്തിന്. അക്രമത്തിന്റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗങ്ങള്‍ മാത്രമല്ല പ്രതിയോഗികള്‍ അദ്ദേഹത്തിനെതിരെ പ്രയോഗിച്ചത്. ഭീഷണികളുടെയും ഏഷണികളുടെയും മാര്‍ഗങ്ങള്‍ പരാജയപ്പെടുകയാണെന്ന് കണ്ട് ഖുറൈശികള്‍ പ്രലോഭനങ്ങളുടെയും പ്രീണനങ്ങളുടെയും പാതയും പരീക്ഷിച്ചുനോക്കി. സമൂഹത്തിലെ നേതാക്കളെല്ലാംകൂടി ഒരു ദിവസം നബിയുടെ അടുക്കല്‍ ചെന്ന് അദ്ദേഹത്തെ വശീകരിക്കാനായി ശ്രമിച്ചു. അവര്‍ പറഞ്ഞു: ‘നീ സമ്പത്താണ് കൊതിക്കുന്നതെങ്കില്‍ ആവശ്യമുള്ള ധനം ഞങ്ങള്‍ തരാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രദേശത്തെ രാജാവായി നിന്നെ ഞങ്ങള്‍ വാഴിക്കാം. സൌന്ദര്യമാണ് മോഹിക്കുന്നതെങ്കില്‍ നിനക്കിഷ്ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാം’. ആരും വീണുപോകുന്ന വാക്കുകള്‍! ആശിച്ചുപോകുന്ന പ്രലോഭനങ്ങള്‍! ഒരൊറ്റവാക്ക് പറഞ്ഞാല്‍ മതി. താന്‍ ഈ പ്രദേശത്തെ ഏറ്റവും വലിയ ധനവാനാകും. നാട്ടുകാര്‍ മുഴുവന്‍ തന്റെ രാജധാ നിയിലെത്തി തനിക്ക് പാദസേവ ചെയ്യും. സൌന്ദര്യധാമങ്ങള്‍ തനിക്ക് മുന്നില്‍ നൃത്തമാടും. പക്ഷേ, പ്രവാചകന്‍ പറഞ്ഞതിങ്ങനെയാണ്: ‘അധികാരമോ കവര്‍ച്ച മുതലോ എനിക്കാവശ്യമില്ല. മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. അവന്റെ സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നത്. അത് സ്വീകരിക്കുന്നവര്‍ക്ക് ഇഹലോകത്ത് സുഖവും സമാധാനവും പരലോകത്ത് ശാശ്വത വിജയവും കരസ്ഥമാക്കാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് അവന്‍ തന്നെയാണ്’. ഗോത്രത്തലവന്മാരുടെയും പൌരപ്രധാനികളുടെയും നിര്‍ബന്ധത്തിന് വഴങ്ങി തന്റെ ദൌത്യമുപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സ്വന്തം പിതൃവ്യനായ അബൂത്വാലിബിനോട് അദ്ദേഹം പ്രതിവചിച്ചു: “പ്രിയ പിതൃവ്യാ, വലതുകയ്യില്‍ സൂര്യനെയും ഇടതുകയ്യില്‍ ചന്ദ്രനെയും അവര്‍ വെച്ചുതന്നാല്‍പോലും ഞാന്‍ എന്റെ ദൌത്യനിര്‍വഹണത്തില്‍നിന്ന് പിന്മാറുകയില്ല. ഒന്നുകില്‍ ഈ പരിശ്രമം സഫലമായി ദൈവിക സംതൃപ്തി കരഗതമാക്കുക. അല്ലെങ്കില്‍ ആ ശ്രമത്തിലേര്‍പ്പെട്ടു കൊണ്ട് നശിച്ചുപോവുക. രണ്ടിലൊന്ന് സംഭവിക്കുന്നത് വരെ ഞാനിത് തുടരുകതന്നെ ചെയ്യും”.