പ്രബോധനത്തിന്റെ ആരംഭം
മുഹമ്മദ് ദൈവത്തിന്റെ ദൂതനും അന്തിമ പ്രവാചകനുമായി നിയോഗിക്കപ്പെട്ടു. സത്യമതത്തിന്റെ പരസ്യപ്രബോധനത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹം കല്‍പിക്കപ്പെട്ടു. സഫാ മലക്കുമുകളില്‍ കയറിനിന്ന് തന്റെ ഗോത്രത്തിലെ കുടുംബ ശാഖകളില്‍ പെട്ടവരെ പേരെടുത്ത് വിളിക്കാന്‍ തുടങ്ങി. അല്‍ അമീനിന്റെ വിളികേട്ട് അവരെല്ലാവരും സസന്തോഷം പാഞ്ഞെത്തി.അവരോട് അദ്ദേഹം ചോദിച്ചു: “ഈ മലയുടെ എതിര്‍വശത്ത് ഒരു വലിയ അശ്വസേന നിങ്ങളെ ആക്രമിക്കാനായി സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ?” അവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. ‘തീര്‍ച്ചയായും. കാരണം ഇതിനുമുമ്പ് നീ കളവ് പറയുന്നതായി ഞങ്ങളാരും കേട്ടിട്ടില്ലല്ലോ’ അല്‍ അമീന്‍ തുടര്‍ന്നു: ‘എങ്കില്‍ മരണാനന്തര ജീവിതത്തിന്റെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹന്‍. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുകയും ബഹുദൈവാരാധനയെ വര്‍ജ്ജിക്കുകയും ചെയ്യുക’.ജനം ഞെട്ടി. തങ്ങളുടെ പിതാക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായ സംഗതികളാണ് മുഹമ്മദ് പറയുന്നത്. തങ്ങളുടെ എല്ലാമെല്ലാമായ ദൈവങ്ങളെയെല്ലാം കയ്യൊഴിക്കാനാണ് മുഹമ്മദ് ആജ്ഞാപിക്കുന്നത്. ഇന്നലെവരെ തങ്ങളുടെയെല്ലാം പ്രിയങ്കരനായിരുന്ന മുഹമ്മദിനെ ഉപേക്ഷിക്കണമോ പിതൃസമ്പത്തായി ലഭിച്ചിരിക്കുന്ന വിശ്വാസങ്ങളെ കയ്യൊഴിക്കണമോ? എന്താണ് വേണ്ടതെന്ന് അവര്‍ ചിന്തിച്ചു. എങ്ങും നിശ്ശബ്ദത. ഈ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മുഹമ്മദി(സ)ന്റെ പിതൃവ്യരില്‍ ഒരാളായ അബൂലഹബിന്റെ ശബ്ദമുയര്‍ന്നു. “നിനക്ക് നാശമുണ്ടാവട്ടെ! ഇതിനുവേണ്ടിയായിരുന്നുവോ നീ ഞങ്ങളെ വിളിച്ച്കൂട്ടിയത്?”