1. വെള്ളം
ആകാശത്ത് നിന്ന് മഴയായി വർഷിക്കുന്നതും ഭൂമിയിൽ ഉറവെടുത്തുണ്ടാകുന്നതുമായ മുഴുവൻ ജലവും ശുദ്ധമാണ്.
وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورًا
“വാനലോകത്ത് നിന്നു നാം നിങ്ങൾക്ക് ശുദ്ധമായ ജലം വർഷിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.” (സൂറഃ അൽ ഫുർഖാൻ: 48)
സമുദ്രജലത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പ്രസ്‌താവിക്കുകയുണ്ടായി:
قَالَ رَسُولُ اللهِ ﷺ: «هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ» (صحيح: أبوداود: 83، الترمذي: 91، ابن ماجه: 136)
“അതിലെ വെള്ളം ശുദ്ധവും ശവം ഭക്ഷ്യയോഗ്യവുമാണ്.” (സ്വഹീഹ്: തിർമുദി, അബൂദാവൂദ്, നസാഇ)
മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു:
«الْمَاءَ طَهورٌ لَا يُنَجِّسُهُ شَيْءٌ» (صحيح (الإرواء 14) الترمذي: 66، أبوداود: 67،النسائي174)
“വെള്ളം ശുദ്ധമാണ് അതിനെ യാതൊന്നും മലിനമാക്കുന്നില്ല.” (സ്വഹീഹ്: തിർമുദി, അബൂദാവൂദ്, നസാഇ)
തന്റെ പുത്രിയുടെ മയ്യിത്ത് സംസ്‌കരണവേളയിൽ നബി ﷺ പറഞ്ഞു:
عَنْ أُمِّ عَطِيَّةَ . قَالَتْ: دَخَلَ عَلَيْنَا النَّبِيُّ وَنَحْنُ نَغْسِلُ ابْنَتَهُ. فَقَالَ: «اغْسِلْنَهَا ثُلاثَاً، أَوْ خَمْساً، أَوْ أَكْثَرَ مِنْ ذٰلِكَ، إِنْ رَأَيْتُنَّ ذٰلِكَ، بِمَاءٍ وَسِدْرٍ. وَاجْعَلْنَ فِي الآخِرَةِ كَافُوراً، أَوْ شَيْئاً مِنْ كَافُورٍ...».
(متفق عليه؛ البخاري: 1253، مسلم: (939)
“മൂന്നോ അഞ്ചോ ആവശ്യമെങ്കിൽ അതിൽ കൂടുതലോ തവണ സിദ്‌റത്ത് (എലന്ത ഇല) ചേർത്ത വെള്ളം ഒഴിച്ച് കഴുകുക. അവസാന പ്രാവശ്യം അൽപം കർപ്പൂരവും കൂടി ചേർക്കുക.” (മുത്തഫഖുൻ അലൈഹി; ബുഖാരി, മുസ്‌ലിം.)
വെള്ളം എന്നു പറയാവുന്നിടത്തോളം ശുദ്ധിയുള്ള എന്തെങ്കിലും വെള്ളത്തിൽ കലർന്നാലും അത് ശുചീകരണത്തിനു ഉപയോഗിക്കാവുന്നതു തന്നെയാണ്. മാലിന്യമാണ്(നജസ്) വെള്ളത്തിൽ കലർന്നതെങ്കിൽ അത് മുഖേന വെള്ളത്തിനു മാറ്റം വരാത്തിടത്തോളം അത് ശുദ്ധമായിരിക്കും.
عن أبي سَعِيدٍ الخُدْرِيِّ h، «أنَّه قِيلَ لِرسولِ الله ﷺ: أنَتَوَضَّأُ مِنْ بِئْرِ بُضَاعَةَ وهِيَ بِئْرٌ يُطْرَحُ فِيهَا الْحَيْضُ وَلَحْمُ الكِلابِ وَالنَّتْنُ؟ فقالَ رسولُ الله ﷺ: المَاءُ طَهُورٌ لاَ يُنَجِّسُهُ شَيءٌ» (صحيح (الإرواء 14) الترمذي: 66، أبوداود: 66،النسائي:174)
അബൂസഈദ് അൽ ഖുദ്‌രി h നിവേദനം: ‘ബുദാഅ’ കിണറിൽ നിന്നു വുദൂ എടുക്കുന്നതിനെ സംബന്ധിച്ച് നബി ﷺയോട് ചോദിക്കപ്പെട്ടു. ആർത്തവരക്തം പുരണ്ട തുണിക്കഷ്‌ണങ്ങളും പട്ടികളുടെ ശവവും മറ്റു മാലിന്യങ്ങളുമൊക്കെ ആളുകൾ എറിയാറുണ്ടായിരുന്ന കിണറായിരുന്നു അത്. ആ കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റുമോ എന്നു ചോദിച്ചപ്പോഴായിരുന്നു “വെള്ളം ശുദ്ധമാണ് അതിനെ യാതൊന്നും അശുദ്ധമാക്കുകയില്ല” എന്ന് നബി ﷺ പ്രസ്‌താവിക്കുകയുണ്ടായത്.”