മസ് ജിദുന്നബവി നിർമാണം المسجد النبوي
മസ്ജിദുന്നബവി
നബി തങ്ങളുടെ ഒട്ടകം മുട്ട്കുത്തിയ സ്ഥലം നജ്ജാര്‍ ഗോത്രത്തില്‍ പെട്ട സുഹൈല്‍ സഹല്‍ എന്നീ അനാഥകളുടേതായിരുന്നു. ഈത്തപ്പന മരങ്ങളും, കിടങ്ങുകളും, ശ്മശനങ്ങളുമൊക്കെയായിരുന്നു അവിടം. മുത്ത് നബി അവിടെ പള്ളി പണിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. രണ്ട് അനാഥ മക്കളേയും വിളിച്ച് വരുത്തി എന്ത് വില കിട്ടണമെന്നു ചോദിച്ചു. അവര്‍ വില വാങ്ങാന്‍ വിസമ്മതിച്ചെങ്കിലും നബി തങ്ങള്‍ വില കൊടുത്ത് ആ സ്ഥലം കൈവശപ്പെടുത്തി. ഹിജ്റ ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു പള്ളിയുടെ ശിലാസ്ഥാപനം. മുത്ത് നബി ശിലാസ്ഥാപനം നടത്തിയ ശേഷം യഥാക്രമം അബൂബക്കര്‍ സ്വിദ്ദീഖ്(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരും നിര്‍വ്വഹിച്ചു. അനന്തരം മരങ്ങള്‍ മുറിച്ചു നീക്കി, ശ്മശനാത്തിലെ എല്ലുകള്‍ മാറ്റി സമനിരപ്പാക്കി. മസ്ജിദുന്നബവിയുടെ അടിത്തറ മൂന്നടി ചെങ്കല്‍ കൊണ്ടാണ് നിര്‍മിച്ചത്. ഇഷ്ടികകള്‍ കൊണ്ട് ചുമര്‍ പണിതു. ഈത്തപ്പന മടല്‍ കൊണ്ട് മേല്‍ക്കൂരയും മുറിച്ചുമാറ്റിയ ഈത്തപ്പനകളുടെ തടി ഉപയോഗിച്ച് തൂണുകളും ക്രമീകരിച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ മുത്ത് നബിയിലെ സാമൂഹ്യ പ്രവര്‍ത്തകനെ ശരിക്കും ദര്‍ശിക്കാമായിരുന്നു. സ്വന്തം പുതപ്പില്‍ ചെങ്കല്‍ കൊണ്ടുവരുന്നത് കണ്ട് ഒരു സ്വഹാബി പറഞ്ഞു. നബിയേ, അതിങ്ങ് തന്നേക്കുക. നബി തങ്ങള്‍ പറഞ്ഞു. താങ്കള്‍ പോയി മറ്റൊന്ന് എടുക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ എന്നെക്കാള്‍ ആവശ്യക്കാരനല്ല നിങ്ങള്‍(വഫാഉല്‍ വഫ 1/133). മദീനയിലെ പ്രഥമ പള്ളിയായ മസ്ജിദുന്നബവി നബി തങ്ങളുടെ ഭരണ കേന്ദ്രമായും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആസ്ഥാനമായും പില്‍ക്കാലത്ത് മാറി.