നബിയും അനുയായികളും മദീനയിൽ
മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ആഗമനം പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് മദീനയിലെ ജനങ്ങള്‍. സത്യമതം പ്രചരിപ്പിച്ചതിന് പീഡനങ്ങളേറ്റ് അഭയം തേടി വരുന്ന പ്രവാചകരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണവര്‍. മദീനയില്‍ നിന്ന് മൂന്ന് നാഴിക മാത്രം അകലെയുള്ള ഖുബാഅ് ഗ്രാമത്തിനോട് നബിയും സ്വിദ്ദീഖ്(റ) വും അടുത്ത് കൊണ്ടേയിരിക്കുന്നു. മലമുകളിലും താഴ്വരകളിലും നബിയെ കാത്തിരുന്ന മദീനക്കാര്‍ അവരെ കണ്ടതും ആഗമന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. അവര്‍ ഖുബാഇലേക്കൊഴുകി. സന്തോഷാധിക്യത്താല്‍ അവര്‍ പരിസരം മറന്നു. തക്ബീറൊലികളിലും ഇശല്‍ ഈണത്തിലും അന്തരീക്ഷം നിറഞ്ഞു. ദഫുകള്‍ ആഹ്ലാദത്തിന്‍റെ താളമിട്ടു. നബിയും കൂട്ടരും ഖുബാഇലിറങ്ങി. അംറുബ്നു ഔഫ് (റ) വിന്‍റെ വീട്ടില്‍ താമസിച്ചു. റബീഉല്‍ അവ്വല്‍ 12 വെള്ളിയാഴ്ച്ച ബനൂ സാലിം ഗോത്രത്തെ ലക്ഷ്യമാക്കി ചെല്ലുകയും അവിടെവെച്ച് ജുമുഅ നിര്‍വ്വഹിക്കുകയും ചെയ്തു. മദീനയിലെ നബിയുടെ ആദ്യ ജുമുഅയായിരുന്നു അത്.
അല്‍ ഖസ്വ എന്ന ഒട്ടകപ്പുറത്തേറി ഒരു വന്‍ സംഘത്തിന്‍റെ അകമ്പടിയോടെയായിന്നു തിരു നബി മദീനയുടെ ഹൃദയ ഭാഗത്തെത്തിയത്. ആഹ്ലാദഭരിതരായ മദീനക്കാര്‍ സ്നേഹാദരങ്ങളോടെ നബിയെ വരവേറ്റു. ഓരോ വീട്ടുകാരും നബിയുടെ ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ച് തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ഒട്ടകത്തെ വിടൂ അതിന് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശമുണ്ട് എന്നായിരുന്നു തരുമേനിയുടെ മറുപടി. അങ്ങനെ അബൂ അയ്യൂബുല്‍ അന്‍സാരി(റ) വിന്‍റെ വീട്ടിനു മുന്നില്‍ ഒട്ടകം മുട്ടുകുത്തി. അദ്ദേഹത്തിന്‍റെ ആതിഥ്യം നബി സ്വീകരിച്ചു. മസ്ജിദുന്നബവി നിര്‍മിക്കുന്നത് വരെ അവിടെയാണ് നബി തങ്ങള്‍ താമസിച്ചത്. മസ്ജിദുന്നബവിയോട് ഏറെ അടുത്ത് നില്‍ക്കുന്ന ഈ വീട്ടിലെ ആതിഥ്യവും അവിടെയുള്ള താമസവുമെല്ലാം ഒരു ചരിത്ര നിയോഗമായിരുന്നു. വിഖ്യാതനായ ചരിത്ര വ്യാഖ്യാതാവ് ഇബ്നു ഇസ്ഹാഖ് അദ്ദേഹത്തിന്‍റെ ഗ്രന്ഥമായ അല്‍മുബ്തദഇലും ഇബ്നു ഹിഷാം തീജാനിലും ഉദ്ധരിച്ച ചരിത്ര വിവരണം ഇവിടെ ശ്രദ്ധേയമാണ്. നബി തങ്ങള്‍ താമസിച്ച അബൂ അയ്യൂബുല്‍ അന്‍സാരിയുടെ വീട് അന്ത്യപ്രവാചകന് വേണ്ടി പ്രത്യേകം സജ്ജമാക്കിയതായിരുന്നു. മുത്ത് നബി മദീനയിലേക്ക് ഹിജ്റ വരുന്നതിന്‍റെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആ വഴിയിലൂടെ സഞ്ചരിച്ച രാജാവ് തുബ്ബഅ് ഒന്നാമനും, കൂടെയുണ്ടായിരുന്ന വേദാന്തികളായ ജ്ഞാനികളും അന്ത്യപ്രവാചകന് വരാനിരിക്കുന്ന സ്ഥലമാണിതെന്ന് മനസ്സിലാക്കുകയും അവിടെ ഇറങ്ങി താമസിക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥലത്ത് അന്ത്യപ്രവാചകന് വേണ്ടി വീട് നിര്‍മിക്കുകയും അബൂ അയ്യൂബുല്‍ അന്‍സാരിയുടെ പൂര്‍വ്വ പിതാക്കളില്‍ പെട്ട ഒരാളെ ആ വീട് തിരുനബിക്ക് സമര്‍പ്പിക്കാന്‍ ഉത്തരവാദിത്വപ്പെടുത്തുകയും ചെയ്തു. മുത്ത് നബിക്ക് താമസിക്കാനുള്ള വീട് പോലും സ്രഷ്ടാവ് മുന്‍കൂട്ടി തയ്യാര്‍ ചെയ്തിരുന്നുവെന്ന് സാരം.
.