ദുർബലരായ വിശ്വാസികളുടെ അവസ്ഥ 


ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു ഇസ്ലാമിന്‍റെ പ്രബോധന വഴി. സത്യമതത്തിന്‍റെ വക്താക്കളായ കാരണത്താല്‍ നബിയും അനുയായികളും ഏല്‍ക്കേണ്ടി വന്ന അക്രമങ്ങള്‍ക്ക് കണക്കില്ലായിരുന്നു. നട്ടുച്ച സമയത്ത് മരുഭൂമിയില്‍ കെട്ടിയിട്ടും, ഭക്ഷണം മുടക്കിയും പട്ടിണിക്കിട്ടും, തല്ലിയും തീയിലിട്ടും ശത്രുക്കള്‍ ചെയ്ത് കൂട്ടിയ പീഡനങ്ങളുടെ ചിത്രങ്ങള്‍ ധാരാളമാണ്. ഇസ്ലാമിന്‍റെ മഹത്വത്തെ പറ്റി അബൂബക്കല്‍(റ) ആള്‍കൂട്ടത്തിനിടയില്‍ വാചാലനായപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും അതുകാരണമായി അദ്ദേഹം ബോധരഹിതനായി വീഴുകയും ചെയ്തു.ഇസ്ലാമിലെ ആദ്യത്തെ പ്രഭാഷകനാണ് സ്വിദ്ദീഖ്(റ). അമ്മാര്‍(റ)വും അദ്ദേഹത്തിന്‍റെ പിതാവ് യാസിര്‍(റ)വും ഉമ്മ സുമയ്യ(റ)യും അടങ്ങുന്ന ‘ആലു യാസിര്‍’ ഏല്‍ക്കേണ്ടിവന്ന ക്രൂരതകള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. തീയില്‍ പഴുപ്പിച്ച കമ്പിപ്പാര ഗുഹ്യഭാഗത്തു കൂടി അടിച്ചു കയറ്റിയായിരുന്നു സുമയ്യാ ബീവിയെ അബൂ ജഹല്‍ വധിച്ച് കളഞ്ഞത്. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിയാണ് മഹതി. ശക്തിയായ ചൂടുള്ള സമയത്ത് ഇരുമ്പിന്‍റെ പടയങ്കി അണിയിച്ച് മരുഭൂമിയില്‍ കെട്ടിയിട്ടതു മൂലം ശരീരം വെന്തായിരുന്നു യാസിര്‍(റ) വഫാത്തായത്. അവരുടെ മകന്‍ അമ്മാര്‍ എന്നവരെ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ സ്വഹാബത്തിന്‍റെ ദൃഢമായ വിശ്വാസത്തിനു മുന്നില്‍ ശത്രുക്കള്‍ പരാജയപ്പെട്ടു. വിശ്വാസത്തിന്‍റെ മാധുര്യം കൊണ്ട് ശത്രു പീഡനങ്ങളത്രയും അവര്‍ക്ക് മുന്നില്‍ നിഷ്ഫലമായി.