بداية الوحي വഹ് യിൻ്റെ ആരംഭം

 

നാല്‍പതാമത്തെ വയസ്സുവരെ എല്ലാ അര്‍ത്ഥത്തിലും വിശിഷ്ടമായ ജീവിതം നയിച്ച മുഹമ്മദ് (സ), തന്റെ സമൂഹത്തിലുള്ള അജ്ഞതാന്ധകാരങ്ങളില്‍നിന്ന് അകന്ന് ജനവാസസ്ഥലങ്ങളില്‍നിന്ന് ദൂരെനില്‍ക്കുന്ന ‘ഹിറാ’യെന്ന പര്‍വതഗുഹക്കുള്ളില്‍ ദിവസങ്ങളോളം താമസിക്കുന്നു. അവിടുത്തെ ശാന്തവും ഏകാന്തവുമായ ചുറ്റുപാടില്‍ ചിന്താമഗ്നായി പല രാത്രികളും കഴിച്ചുകൂട്ടുന്നു. ഏകാന്ത ജീവിതമിഷ്ടപ്പെട്ട അദ്ദേഹം ഭക്ഷണം തയ്യാറാക്കിക്കൊണ്ട് ഗുഹയിലെത്തുന്നു. കയ്യില്‍ കരുതിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തീരുമ്പോള്‍ വീട്ടിലെത്തി വീണ്ടും ഭക്ഷണം തയ്യാറാക്കി മടങ്ങുന്നു. തികഞ്ഞ ഏകാന്ത ജീവിതം!
ഒരുദിവസം അദ്ദേഹത്തിന്റെ ഏകാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടു.പ്രത്യക്ഷപ്പെട്ട വ്യക്തി ആവശ്യപ്പെട്ടു: ‘ഓതുക മുഹമ്മദ് പ്രതിവചിച്ചു: ‘എനിക്ക് ഓതാനറിയില്ലല്ലോ’ അപരിചിതന്റെ ആഗമനവും ചോദ്യവും കേട്ട് അമ്പരന്നുനില്‍ക്കുന്ന മുഹമ്മദിനെ അദ്ദേഹം മാറോട് ചേര്‍ത്തി ശക്തിയായി അമര്‍ത്തിക്കൊണ്ട് വീണ്ടും കല്‍പിച്ചു: ‘ഓതുക’ മുഹമ്മദ് ആവര്‍ത്തിച്ചു: ‘എനിക്ക് ഓതാനറിയില്ലല്ലോ’ വീണ്ടും മാറോട് ചേര്‍ത്തമര്‍ത്തിക്കൊണ്ട് ആഗതന്‍ പറഞ്ഞുകൊടുത്ത വചനങ്ങള്‍, മുഹമ്മദ് ഓതാന്‍ തുടങ്ങി. ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ ഓതുക. പേന കൊണ്ട് പഠിപ്പിച്ചവനായ നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു’ (ഖുര്‍ആന്‍ 96:1-5)
അവസാനത്തെ വേദഗ്രന്ഥത്തിലേക്കായി അവതരിക്കപ്പെട്ട ആദ്യത്തെ വചനങ്ങളായിരുന്നു ഇവ.