نسبه الشريف നബി(സ)യുടെ കുടുംബ പരമ്പര

 

മുഹമ്മദ് ഇബ്നു അബ്ദുല്ല ഇബ്നു അബ്ദുല്‍ മുത്തലിബ് ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ പിതൃ പരമ്പര ഇസ്മാഈല്‍ നബി(അ) യിലൂടെ ഇബ്റാഹീം നബി(അ) യില്‍ എത്തിച്ചേരുന്നു.

നബി(സ)യുടെ മാതൃ പരമ്പര- ജനനം- ശൈശവം

നബി(സ)യുടെ മാതാവ് ബനൂ സഹ്റ ഗോത്ര തലവനായിരുന്ന വഹബിന്‍റെ മകള്‍ ആമിന ആയിരുന്നു. മാതൃ പരമ്പരയിലും പിതൃ പരമ്പരയിലും അറബ് സമൂഹത്തിലെ ഉന്നത കുലത്തിലായിരുന്നു പ്രവാചകന്‍റെ ജനനം.

നബി(സ) ആനക്കലഹം ഒന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസ ത്തില്‍ തിങ്കളാഴ്ച ദിവസം മക്കയില്‍ ജനിച്ചു. പുലരിക്ക് ശേഷം സൂര്യന്‍ ഉദിക്കുന്നതിനു മുമ്പുള്ള സമയമായിരുന്നു അദ്ദേഹ ത്തിന്‍റെ ജനനം. ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ടു.

നവജാത ശിശുക്കള്‍ക്ക് എട്ട് ദിവസം പ്രായമായാല്‍ മുലയൂട്ടുന്ന സ്ത്രീകളുടെ അടുക്കലേക്ക് അയക്കുന്ന  അറബികളുടെ പതിവ് നബി(സ)യുടെ കാര്യത്തിലും ആവര്‍ത്തിക്കപ്പെട്ടു, അങ്ങനെ അദ്ദേഹം തന്‍റെ പോറ്റുമ്മയായ ഹലീമ സഅദിയ്യയുടെ അടുക്ക ലേക്ക് അയക്ക പ്പെട്ടു.  മുലകുടി കാലയളവില്‍ ആറു മാസത്തില്‍ ഒരിക്കല്‍ മാതാവിനും കുടുംബക്കാര്‍ക്കും അടുത്തേക്ക് കൊണ്ട് വരുമായിരുന്നു. രണ്ട് വര്‍ഷക്കാലത്തെ മുലകുടി പ്രായത്തിന് ശേഷം പതിവ് പോലെ മാതാവിനടുത്തേക് തന്നെ മടങ്ങിയെങ്കിലും തന്‍റെ കുഞ്ഞിന്‍റെ വളര്‍ച്ചക്ക് മക്കയേക്കാള്‍ ഹലീമയുടെ നാട്ടിലെ കാലാവസ്ഥയാണ് നല്ലതെന്നു മനസ്സിലാക്കിയ മാതാവ്  അവിടേക്ക് തന്നെ അയച്ചു. അങ്ങനെ രണ്ട് വര്‍ഷം കൂടി അവിടെ തുടരു കയും നാല് വയസായപ്പോള്‍ മാതാവിനടുത്തേക്ക് വരികയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആറാം വയസില്‍ മാതാവ്  മരണപ്പെടുകയും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം പിതാമഹന്‍ ഏറ്റെടുക്കുകയും ചെയ്തു.  എട്ടാം വയസ്സില്‍ പിതാമഹന്‍റെ വിയോഗത്തോട് കൂടി പിതൃവ്യന്‍ അബൂ താലിബ് അദ്ദേഹത്തിന്‍റെ സംരക്ഷണം ഏറ്റെടുത്തു.